തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരേ നിലപാട് കടുപ്പിച്ച് യുഡിഎഫ്. ഗണേഷിനെതിരേ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനം.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരം ഏറ്റെടുക്കുന്നതിന് പകരം യുഡിഎഫ് എന്ന നിലയിലാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 18ന് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഗണേഷ് കുമാറിന് എതിരേ നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ശേഷമാകും നടപടികള്‍.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകന്‍ ഗണേഷ് കുമാറാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സോളാര്‍ ലൈംഗിക പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഷാഫി പറമ്പില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെയാണ് ഗൂഢാലോചന വിഷയം ഉയര്‍ന്ന് വന്നത്.
കെ.ബി.ഗണേഷ് കുമാറും, ശരണ്യ മനോജും, ദല്ലാള്‍ നന്ദകുമാറുമാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചന നടത്തിയതെന്ന പരാമര്‍ശം സിബിഐ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം.മന്ത്രിസഭാ പുനഃസംഘടനയില്‍ ഗണേഷ് കുമാര്‍ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് യുഡിഎഫ് അദ്ദേഹത്തിനെതിരേ നിലപാട് കടുപ്പിക്കുന്നത്.
വിഷയം സംബന്ധിച്ച് അന്വേഷിക്കാമെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ പിണറായി വിജയന്റെ പോലീസ് അന്വേഷിക്കേണ്ടതില്ലെന്നും സിബിഐ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടത്. നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും ഗൂഢാലോചന വിഷയത്തില്‍ ആക്ഷേപം ഉയരുന്നുണ്ട്.