റിയാദ്: രണ്ടു അസിസ്റ്റും ഒരു പെനാൽറ്റി അവസരവുമൊരുക്കി ബ്രസീൽ സൂപ്പർ താരം നെയ്മറിനു സൗദി പ്രോ ലീഗിൽ അരങ്ങേറ്റം. നെയ്മറിന്റെ അരങ്ങേറ്റമത്സരത്തിൽ അൽഹിലാൽ അല്‍റിയാദിനെതിരെ ഒന്നിനെതിരെ ആറു ഗോളിനാണു വിജയം കണ്ടത് . പരിക്കു കാരണം ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം രണ്ടാം പകുതിയിലാണ് നെയ്മർ മത്സരത്തിനിറങ്ങിയത്.
ഇന്നലെ രാത്രി നടന്ന മത്സരത്തിന്റെ ആദ്യ ഇലവനിൽ നെയ്മർ ഉണ്ടായിരുന്നില്ല. സൗദിയിൽ ഏറ്റവും ആരാധകരുള്ള ക്ലബുകളിലാന്നായ അൽഹിലാലിന് അൽറിയാദായിരുന്നു എതിരാളികൾ. റിയാദിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ 30-ാം മിനുട്ടിൽ അലക്സാണ്ടർ മിട്രോവിച്ചിന്റെ പെനാല്‍റ്റിയിൽനിന്ന് അൽഹിലാലിന് ലീഡ്. ആദ്യ പകുതി അവസാനിക്കും മുമ്പ് 49-ാം മിനിറ്റിൽ അൽഷഹ്റാനിയിലൂടെ ഹിലാൽ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ 64-ാം മിനുട്ടിൽ നെയ്മറിന് സബ്ബായി അരങ്ങേറ്റം. ഗ്യാലറി ഇളകി മറിഞ്ഞു. 68-ാം മിനുട്ടില്‍ നെയ്മറിന്റെ പാസിൽനിന്നുണ്ടായ അവസരം. അത് നാസർ അൽദോസരി വലയിലെത്തിച്ചു. സ്കോർ 3-0. വീണ്ടും നെയ്മറിന്റെ അസിസ്റ്റ്. 83-ാം മിനുട്ടിൽ മാൽകോം അതു ഗോളാക്കി. 87-ാം മിനുട്ട്. ഹിലാലിന് നെയ്മർ വഴി ലഭിച്ച പെനാല്‍റ്റി സാലിം അൽദോസരി ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 5-0.
ഇഞ്ച്വറി ടൈമിന്റെ 95-ാം മിനുട്ട്. നെയ്മറിന്റെ ഷോട്ട് കീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ സാലിം അൽദോസരി പന്ത് വലയിലേക്ക് തന്നെ എത്തിച്ചു. സ്കോർ 6-0. തൊട്ടടുത്ത മിനുട്ടില്‍ അൽറിയാദ് ആശ്വാസഗോളും നേടി. നിലവില്‍ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അല്‍ഹിലാല്‍.