സെഞ്ചൂറിയൻ : ഹൈവോൾട്ടേജിൽ ഹെന്റിച്ച് ക്ലാസൻ കത്തിക്കയറിയ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 164 റൺസിന്റെ വമ്പൻ ജയം. പരമ്പരയിലെ നാലാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 416 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഓസീസ് 34.5 ഓവറിൽ 252 റൺസിന് ഓൾഔട്ടായി.
83 പന്തില്‍ നിന്ന് 174 റണ്‍സെടുത്ത ക്ലാസന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക പടുകൂറ്റൻ ഇന്നിംഗ്സ് കെട്ടിപ്പൊക്കിയത്. 13 വീതം സിക്സറുകളുടേയും ഫോറിന്റെയും അകമ്പടിയോടെയാണ് താരം 174 റണ്‍സെടുത്തത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി മൈതാനത്ത് നിറഞ്ഞുനിന്ന ക്ലാസന് നിരവധി റിക്കാർഡുകളും സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരേ ഒരു ബാറ്ററുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 57-പന്തില്‍ നിന്നാണ് താരം സെഞ്ചുറി തികച്ചത്. ഇതോടെ ഏകദിനത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമായും ക്ലാസന് മാറി. ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലറും (45 പന്തിൽ 82), വാൻ ഡെർ ഡുസെനും (62) അർധ സെഞ്ചുറി നേടി.
മറുപടി ബാറ്റിംഗിൽ ഓസീസ് വേഗത്തിൽ സ്കോർ ഉയർത്താൻ നോക്കിയെങ്കിലും വിക്കറ്റ് വീഴ്ച തടയാനായില്ല. 77 പന്തിൽ 99 റൺസെടുത്ത് പുറത്തായി അലക്സ് കാരിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. പ്രോട്ടീസിനായി ലുങ്കി എൻഗിനി നാലു വിക്കറ്റും കഗിസോ റബാഡ മൂന്നു വിക്കറ്റും നേടി. മത്സരത്തിൽ ഓസ്ട്രേലിയൻ താരം ആദം സാംപ നാണക്കേടിന്റെ ഒരു റിക്കാർഡ് സ്വന്തം പേരിലാക്കി. സാംപയുടെ പത്ത് ഓവറിൽ 113 റണ്‍സാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചു കൂട്ടിയത്. ഇതോടെ പത്ത് ഓവറിൽ കൂടുതൽ റണ്‍സ് വഴങ്ങുന്ന ബൗളർ എന്ന റിക്കാഡിനോപ്പം സാംപയെത്തി. 2006ൽ ജോഹന്നാസ്ബർഗിൽ നടന്ന ചരിത്രപ്രസിദ്ധമായ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക റണ്‍ചേയ്സ് മത്സരത്തിൽ മിക്ക് ലൂയിസ് എറിഞ്ഞ പത്ത് ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ 113 റണ്‍സ് അടിച്ചെടുത്തിരുന്നു. ഈ റിക്കാഡിനോപ്പമാണ് സാംപയെത്തിയത്.
സാംപയ്ക്കും മിക്ക് ലൂയിസും വിക്കറ്റ് ഒന്നും നേടാനായില്ല എന്നതും ശ്രദ്ധേയമാണ്. ഇരുവർക്കും പിന്നിൽ പാക്കിസ്ഥാന്റെ വഹാബ് റിയാസാണ് ഉള്ളത്. ഇംഗ്ലണ്ടിനെതിരെ വഹാബ് റിയാസ് പത്ത് ഓവറിൽ വിക്കറ്റ് നേടാതെ 110 റണ്‍സ് വഴങ്ങിയിട്ടുണ്ട്.