തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെയടക്കം പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പൊലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തി സർക്കാർ. ഒക്ടോബർ ഒന്നുമുതൽ ഇത് നടപ്പാകും.ജില്ലാ തലത്തിലാണെങ്കിൽ 10,000 രൂപ നൽകണം. പൊലീസ് സ്റ്റേഷന്റെ പരിധിയിലെ പ്രകടനത്തിനുള്ള അനുമതിക്ക് 2,000 രൂപയും സബ്ഡിവിഷൻ പരിധിയിൽ 4,000ഉം നൽകണം. നിലവിൽ ഇവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഫീസില്ല.
വാഹനാപകട കേസിൽ ഇൻഷ്വറൻസ് കമ്പനികൾക്ക് നൽകാൻ എഫ്.ഐ.ആർ, ജനറൽ ഡയറി, വെഹിക്കിൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സീൻ മഹസർ, സീൻ പ്ലാൻ, പരിക്ക് സർട്ടിഫിക്കറ്റ്, പരിശോധനാസർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് 50 രൂപ ഫീസ് നൽകണം.ജീവനക്കാരുടെയും വാടകക്കാരുടെയും വേരിഫിക്കേഷന് 1000 രൂപ നൽകണം. വാഹനങ്ങളിൽ സംസ്ഥാനത്തുടനീളം അഞ്ചു ദിവസം മൈക്ക് അനൗൺസ്മെന്റ് നടത്താൻ 6,070 രൂപ നൽകണം. നിലവിൽ ഇത് 5,515 രൂപയാണ്. ജില്ലാ തലത്തിൽ അഞ്ച് ദിവസത്തേക്ക് 610 രൂപ നൽകണം. നിലവിലിത് 555 രൂപയാണ്. 15 ദിവസത്തെ മൈക്ക് ലൈസൻസിന് 330 രൂപ നൽകിയിരുന്നിടത്ത് ഇനി 365 രൂപ നൽകണം.
ബാങ്കുകൾ, തപാൽ വകുപ്പ് എന്നിവയ്ക്കുള്ള പണം കൊണ്ടുപോകാൻ എസ്കോർട്ടിന് നിലവിലെ നിരക്ക് 1.85 ശതമാനം കൂട്ടി. കോമ്പൻസേറ്ററി അലവൻസും നൽകണം. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റിന് മുമ്പ് 555 രൂപയായിരുന്നത് 610 രൂപയാക്കി.
സി.ഐയ്ക്ക് ഫീസ് 3,340 രൂപ
സ്വകാര്യ പാർട്ടി, സിനിമാ ഷൂട്ടിംഗ് തുടങ്ങിയവയ്ക്കായി സി.ഐ റാങ്കുള്ള ഉദ്യോഗസ്ഥന്റെ പകൽ സേവനത്തിന് 3,340 രൂപ നൽകണം. നിലവിത് 3035 രൂപയാണ്. രാത്രിയിൽ 4370 രൂപയും നൽകണം. മുമ്പ് 3970 രൂപയായിരുന്നു. എസ്.ഐയുടെ സേവനത്തിന് പകൽ 2250ഉം രാത്രി 3835 രൂപയും നൽകണം. എ.എസ്.ഐയ്ക്ക് യഥാക്രമം 1645, 1945 രൂപയും, സീനിയർ സി.പി.ഒയ്ക്ക് 1095 രൂപയും 1400 രൂപയും കെട്ടിവയ്ക്കണം. പൊലീസ് നായയ്ക്ക് പ്രതിദിനം 7280 രൂപ നൽകണം. ഷൂട്ടിംഗിനും മറ്റും പൊലീസ് സ്റ്റേഷൻ നൽകുന്നതിന് പ്രതിദിനം 12,130 രൂപ നൽകണം. നിലവിലിത് 11,025 രൂപയാണ്.
സ്വകാര്യ സുരക്ഷയുള്ള ഫീസ്
റാങ്ക് ………………പകൽ………….രാത്രി
സി.ഐ………….3340………….4370
എസ്.ഐ…………2250………..3835
എ.എസ്.ഐ……1645………..1945
എസ്.സി.പി.ഒ…..1095………..1400
സി.പി.ഒ………………610…………915
പൊലീസ് നായയ്ക്ക് പ്രതിദിന ഫീസ് – 7280 രൂപ , നിലവിൽ- 6615