കൊളംബോ : ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് ത്രില്ലിംഗ് ജയം. ഇന്ത്യക്കെതിരേ ആറ് റൺസിനാണ് ബംഗ്ലാദേശിന്റെ ജയം. സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും (121) അക്സർ പട്ടേലിന്റെയും (42) ഇന്നിംഗ്സിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടി ഫലം കണ്ടില്ല. സ്കോർ: ബംഗ്ലാദേശ് 50 ഓവറിൽ 265/8. ഇന്ത്യ 49.5 ഓവറിൽ 259.
ബംഗ്ലാദേശിനായി മുസ്തഫിസുറഹ്മാന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തന്‍സീം ഹസനും മെഹ്ദി ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഞായറാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഫൈനൽ അരങ്ങേറും. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിന്റെ ആദ്യപന്തിൽ ലിറ്റണ്‍ ദാസിനെ (0) ബൗൾഡാക്കി മുഹമ്മദ് ഷമി ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിവച്ചു. തൻസിദ് ഹസൻ (13), അനമുൾ ഹഖ് (4), മെഹിദി ഹസൻ (13) എന്നിവരും അധികം വൈകാതെ പുറത്ത് അതോടെ 14 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 59 എന്ന ദയനീയാവസ്ഥയിലായി ബംഗ്ലാദേശ്.
എന്നാൽ, അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനും തൗഹിദ് ഹ്രിദോയിയും ചേർന്ന് 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഷക്കീബ് 85 പന്തിൽ 80ഉം ഹ്രിദോയ് 81 പന്തിൽ 54ഉം റണ്‍സ് നേടി. വാലറ്റത്ത് നസും അഹമ്മദ് (45 പന്തിൽ 44), മെഹെദി ഹസൻ (23 പന്തിൽ 29 നോട്ടൗട്ട്), തൻസിം ഹസൻ ഷകീബ് (എട്ട് പന്തിൽ 14 നോട്ടൗട്ട്) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പ് ബംഗ്ലാദേശിന്റെ സ്കോർ 265ൽ എത്തിച്ചു. ഇന്ത്യക്കായി ഷാർദുൾ ഠാക്കൂർ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ പല താരങ്ങള്‍ക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇന്ന് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.