കോഴിക്കോട് : നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.
അതിനിടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോര്പ്പറേഷന് പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.