തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയില്‍ യുഡിഎഫിന്റെ സിബിഐ അന്വേഷണ ആവശ്യം മലര്‍ന്നുകിടന്നു തുപ്പല് മാത്രമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പേടിയില്ല. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തിന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം തയാറാകുമെന്ന് കരുതുന്നില്ല. കാരണം സോളാര്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് ചാണ്ടി ഉമ്മന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന് വി.ഡി. സതീശന് പറഞ്ഞിട്ടുണ്ട്. ആ അറസ്റ്റാണ് കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയിലേക്ക് ഉമ്മന്‍ചാണ്ടിയെ നയിച്ചതെന്നും ബാലന് ഓര്‍മിപ്പിച്ചു. സിബിഐ അന്വേഷണം സതീശന്റെ വടികൊടുത്ത് അടി വാങ്ങലാണെന്നും അദ്ദേഹം പരിഹസിച്ചു. സോളാര്‍ വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും പരസ്പരം നല്കിയ പരാതി പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പോലെ ഇത്രയും ദുഷിച്ച ഒരു പാര്‍ട്ടിയെ ലോകത്തില്‍ എവിടെയും കാണാന്‍ കഴിയില്ലെന്നും എ.കെ. ബാലന് വിമർശിച്ചു.