തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദി എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ശ്വാസംമുട്ടല്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തില്‍ നിന്ന് റോജി എം. ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. “കേന്ദ്രത്തില്‍ പറയാനുള്ളത് അവിടെ പറയു’ എന്ന സ്ഥിരം ക്യാപ്സ്യൂള്‍ ഇറക്കരുത്. കേരളത്തില്‍ പറയാനുളളത് ഇവിടെയും കേന്ദ്രത്തില്‍ പറയാനുളളത് അവിടെയും പറയാനുളള ആര്‍ജവം യുഡിഎഫിനും കോണ്‍ഗ്രസിനും എന്നുമുണ്ടെന്ന് ആമുഖമായി അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടുത്തെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനാണ് ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തത്. എന്തുകൊണ്ട് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി എന്ന നിയമസഭാ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്ഥിരമായി മൂന്ന് ഉത്തരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 8,425 കോടിയുടെ കുറവ് റെവന്യു ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്.
രണ്ടാമതായി പറയുന്നത് ജിഎസ്ടി കോമ്പന്‍സേഷന്‍ നിര്‍ത്തലാക്കയതോടെ കേരളത്തിന് 7,200 കോടിയുടെ നഷ്ടം ഉണ്ടായതായാണ്. മൂന്നാമതായി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം ഇടപെടുന്നു എന്നതാണ്. എന്നാല്‍ 15ാം ധനകാര്യ കമ്മീഷന് സംസ്ഥാനത്തിന് 53,137 കോടിയാണ് അനുവദിച്ചത്. ഇക്കാര്യം ബാലഗോപാല്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയ്ക്ക് മറുപടിയായി നല്‍കിയിട്ടുണ്ടെന്നും റോജി ചൂണ്ടിക്കാട്ടി.
14ാം ധനകാര്യ കമ്മീഷന് സംസ്ഥാനത്തിന് ആകെ അനുവദിച്ചത് 9,519 കോടി രൂപയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 15ാം ധനകാര്യ കമ്മീഷന് 16 സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് റെവന്യു ഡെഫിസിറ്റ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് കേരളത്തിനാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇനി റെവന്യു ഡെഫിസിറ്റ് ലഭിക്കാനിടയില്ല എന്നും അദ്ദേഹം കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടി.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് 20 മുതല്‍ 30 ശതമാനം വരെ ജിഎസ്ടി ലഭിക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. പക്ഷേ സര്‍ക്കാര്‍ നടപ്പിലാക്കേണ്ട സാമ്പത്തിക പരിഷ്കാരങ്ങള്‍ ചെയ്യാത്തതിനാല്‍ ഇത് ലഭിച്ചില്ലെന്നും റോജി കുറ്റപ്പെടുത്തി. ജിഎസ്ടി വെട്ടിപ്പ് തടയാന്‍ ഓഡിറ്റും എന്‍ഫോഴ്സ്മെന്റും ശക്തമാക്കണമെന്ന് 2019ല്‍ പ്രതിപക്ഷം പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല.
ഇപ്പോഴാണ് ഓഡിറ്റ് ശക്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഐജിഎസ്ടി ഇനത്തില്‍ ജിഎസ്ടി ഇനത്തിന് തുല്യമായ തുക മാത്രമേ ലഭിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ, സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു. സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്.