കൽപറ്റ: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ വയനാട്ടിലും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം. പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി. ദിനീഷ് അറിയിച്ചു. ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യമില്ല.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് സമീപമുള്ള തൊണ്ടർനാട്, വെള്ളമുണ്ട, എടവക തുടങ്ങിയ പഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധമാർഗങ്ങൾ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ഡിഎംഒ അറിയിച്ചു. പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നാണ് നിർദേശം.