കൊൽക്കത്ത: കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുഭാഷ് സർക്കാറിനെ ബംഗാളിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടു.സ്വന്തം മണ്ഡലമായ ബങ്കുരയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം നടക്കവേ ഒരു സംഘം മുദ്രാവാക്യം മുഴക്കിയെത്തി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഇതറിഞ്ഞ് മറ്റൊരു സംഘമെത്തി പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മന്ത്രി സ്വേച്ഛാധിപത്യം കാണിക്കുന്നെന്നും അടുപ്പക്കാർക്ക് മാത്രം സഹായം ചെയ്യുന്നുവെന്നും ആരോപിച്ചായിരുന്നു പൂട്ടിയിട്ടത്. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. സജീവ പ്രവർത്തകരെ ഒഴിവാക്കി അടുപ്പക്കാരെ ജില്ലാ കമ്മിറ്രി അംഗങ്ങളാക്കിയെന്നാണ് ആരോപണം. ഇത്തവണ ബങ്കുര മുനിസിപ്പാലിറ്റിയിൽ ബി.ജെ.പിക്ക് സീറ്റ് ലഭിച്ചില്ല. സ്ഥാനാർത്ഥികളെ നിറുത്താനും കഴിഞ്ഞില്ല. ഇതിലും പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ട്. സംഭവത്തെത്തുടർന്ന് പലയിടത്തും സംഘർഷമുണ്ടായി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.