മുംബൈ : അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി സർക്കാർ ഒരുപാട് പേരെ ക്ഷണിക്കാൻ സാധ്യതയുണ്ടെന്നും ഇവർ ബസുകളിലും തീവണ്ടികളിലുമായി വീടുകളിലേക്ക് മടങ്ങുമ്പോൾ “ഗോധ്ര’യ്ക്ക് സമാനമായ സംഭവങ്ങൾ ഉണ്ടായേക്കാമെന്നും താക്കറെ പറഞ്ഞു.
ശിവസേന(ഉദ്ധവ് വിഭാഗം) നടത്തിയ പൊതുയോഗത്തിലാണ് താക്കറെ ഈ പരാമർശം നടത്തിയത്. പ്രസ്താവന വിവാദമായതിന് പിന്നാലെ താക്കറെയ്ക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തി.
2002-ൽ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് കർസേവയ്ക്കായി പുറപ്പെട്ടവർ സഞ്ചരിച്ച സബർമതി എക്സ്പ്രസിൽ തീവയപ് ഉണ്ടായതിനെത്തുടർന്ന് 59 പേർ കൊല്ലപ്പെട്ടിരുന്നു. ഗോധ്ര ട്രെയിൻ തീവയ്പ്പിന് പിന്നാലെ നടന്ന സംഘർഷങ്ങളാണ് ഗുജറാത്ത് കലാപത്തിന് വഴിവച്ചത്.