ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ മൂന്നാം സീഡ് റഷ്യയുടെ ഡാനിയേൽ മെദ്വദേവിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. സ്കോർ: 6-3, 7-6 (7/5), 6-3.
ജോക്കോവിന്റെ 24-ാം ഗ്രാൻസ്ലാം കിരീടമാണിത്. ഇതോടെ 24 ഗ്രാൻസ്ലാം സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരം എന്ന ചരിത്രനേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി. വനിതാ താരങ്ങളെ കൂടി പരിഗണിച്ചാൽ ഓസ്ട്രേലിയൻ താരം മാർഗരറ്റ് കോർട്ടിന് (24 കിരീടങ്ങൾ) ഒപ്പമെത്തി ജോക്കോവിച്ച്.
2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്വദെവിനായിരുന്നു ജയം. രണ്ടാം സീഡായ ജോക്കോയ്ക്കു നേരെ രണ്ടാം സെറ്റിൽ മാത്രമാണ് മെദ്വദേവിന് വെല്ലുവിളി ഉയർത്താനായത്. രണ്ടാം സെറ്റ് ജോക്കോ ടൈബ്രേക്കറിലേക്കു നീട്ടി നേടിയെടുത്തു. റിട്ടേണുകളിൽ തന്റെ പതിവ് ആധിപത്യം പുലർത്തിയ മുപ്പത്താറുകാരനായ ജോക്കോ മൂന്നു സെറ്റ് അനായാസം സ്വന്തമാക്കി.
കരിയറിൽ നാലാം തവണയാണ് ജോക്കോ യുഎസ് ഓപ്പൺ ചാമ്പ്യനാകുന്നത്. 2023 സീസണിലെ ജോക്കോവിച്ചിന്റെ മൂന്നാം ഗ്രാൻസ്ലാം കിരീടമാണിത്. 2023ൽ ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പണ്‍ ജോക്കോവിച്ച് നേടിയിരുന്നു. എന്നാൽ, വിംബിൾഡണ്‍ ഫൈനലിൽ സ്പെയിനിന്റെ കാർലോസ് അൽക്കാരസിനോട് പരാജയപ്പെട്ടു.
ജോക്കോവിച്ചിന്റെ 24 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ
10 ഓസ്ട്രേലിയൻ ഓപ്പൺ (2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023)
ഏഴു വിമ്പിൾഡൺ (2011, 2014, 2015, 2018, 2019, 2021, 2022)
നാലു യുഎസ് ഓപ്പൺ (2011, 2015, 2018, 2023)
മൂന്നു ഫ്രഞ്ച് ഓപ്പൺ (2016, 2021, 2023)