തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം. ഇരുവരെയും പ്രതി ചേർത്ത ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. മുൻ എം.എൽ.എ ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർക്കുന്നത്.
2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.