ഭോപാൽ : മധ്യ പ്രദേശിലെ പന്നാ മേഖലയിൽ ക്ഷേത്രാചാരം ലംഘിച്ച് ശ്രീകോവിലിനുള്ളിൽ പൂജയ്ക്കായി പ്രവേശിച്ച രാജകുടുംബാംഗമായ വനിതയെ വലിച്ചിഴച്ച് പുറത്തിറക്കി. ഇവർക്കെതിരെ അതിക്രമിച്ച് കയറലിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
പന്നാ മേഖലയിലെ മുൻ രാജകുടുംബത്തിലെ അംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പൂജകൾക്കായി മേഖലയിലെ ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തിൽ ദേവി എത്തിയ വേളയിലാണ് സംഭവം. എല്ലാ വർഷവും ആചാരപ്രകാരം അർധരാത്രിയാണ് ക്ഷേത്രത്തിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്. പൂജകൾക്കിടെ ശ്രീകോവിൽ വൃത്തിയാക്കുന്ന “ചാൻവാർ’ എന്ന ചടങ്ങ് നിർവഹിക്കാൻ പന്നാ രാജകുടുംബത്തിലെ പുരുഷന്മാർക്ക് മാത്രമാണ് അവകാശം.
ആചാരപ്രകാരം ഈ ചടങ്ങ് നടത്തേണ്ട ദേവിയുടെ മകന് പൂജകൾക്കായി എത്താൻ സാധിച്ചില്ല. ഇതോടെ, ചടങ്ങ് സ്വയം നടത്താനായി ഇവർ ശ്രമിക്കുകയും ആരതി ഉഴിയാൻ പരിശ്രമിക്കുകയും ചെയ്തു. ഇതോടെ ക്ഷേത്രാധികാരികൾ ഇവരെ വലിച്ചിഴച്ച് ശ്രീകോവിലിനുള്ളിൽ നിന്ന് പുറത്താക്കുകയായിരുന്നു. പോലീസുമായും ക്ഷേത്രഭാരവാഹികളുമായും തർക്കത്തിലേർപ്പെട്ട ദേവിയെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ, ദേവി മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ ആരോപിച്ചു.