ന്യൂയോർക്ക്: ചരിത്ര നേട്ടത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനി ഒരൊറ്റ വിജയത്തിന്റെ അകലം മാത്രം. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സെർബിയൻ താരം ഫൈനലിൽ കടന്നു. സെമിയിൽ അമേരിക്കൻ യുവ താരം ബെൻ ഷെൽട്ടണെ പരാജയപ്പെടുത്തിയാണ് ജോക്കോ ഫൈനലിൽ കടന്നത്. സ്കോർ: 6-3 6-2 7-6 (7-4).
36 കാരനായ ജോക്കോ ഇരുപതുകാരൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകളും ജോക്കോ അനായാസം നേടിയപ്പോൾ അവസാന സെറ്റിൽ അമേരിക്കൻ പയ്യൻ പൊരുതിനോക്കി. എന്നാൽ ടെന്നീസ് ഇതിഹാസത്തിന്റെ പരിചയസമ്പത്തിനു മുന്നിൽ ഷെൽട്ടണ്‍ പിടിച്ചുനിൽക്കാനായില്ല. ഫൈനലിൽ കാർലോസ് അൽക്കരാസ് ആണ് ജോക്കോവിച്ചിന്റെ എതിരാളി. വിംബിൾഡൺ ഫൈനലിൽ അൽക്കരാസ് തന്നെയായിരുന്നു ജോക്കോവിച്ചിന്റെ എതിരാളി. അന്ന് അൽക്കരാസിനൊപ്പമായിരുന്നു ജയവും കിരീടവും.
ന്യൂയോർക്കിലെ ഹാർഡ് കോർട്ടിൽ കഥ മാറ്റിയെഴുതി പുതിയ ചരിത്രമാകാൻ കാത്തിരിക്കുകയാണ് സെർബിയൻ താരം. ഗ്രാൻസ്ലാം കിരീടനേട്ടങ്ങളിൽ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് (24 ഗ്രാൻസ്ലാം) ഒപ്പമെത്താൻ ഇനി ജോക്കോയ്ക്കു ഒരു വിജയത്തിന്റെ അകലം കൂടി മാത്രം.