മണര്‍കാട് : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം മണര്‍കാട് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം. മണര്‍കാട് പള്ളി സന്ദര്‍ശിച്ച് പോകുന്നവരെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയിലുണ്ടായ ജാള്യതയാണ് ഡിവൈഎഫ്ഐയെ പ്രകോപിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടം തിരിഞ്ഞ് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മണര്‍കാട്ടുള്ള ഒരു വീട്ടിലേക്ക് കല്ലും പട്ടികയുമടക്കം എറിഞ്ഞെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മണര്‍കാട് ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തി വീശി.