കോട്ടയം: കോട്ടയത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി പുതുപ്പള്ളിയിൽ ജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ. നിലവിൽ നാല്പത്തിനായിരത്തിലേറെ വോട്ടുകളുടെ ലീഡുള്ള ചാണ്ടി ഉമ്മൻ ഇടതുസ്ഥാനാർത്ഥി ആകെ നേടിയ വോട്ടിനേക്കാൾ ഇരട്ടിയിലേറെ നേടിയാണ് ജയത്തിലേക്ക് കുതിക്കുന്നത്.
നിരവധി റെക്കോഡുകളാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജയത്തിലൂടെ മാറ്റിയെഴുതിയത്. ഒരു ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വോട്ട് നേടുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥി എന്നറെക്കോഡ് നിലവില്‍ ചാണ്ടിക്ക്. കോട്ടയം ജില്ലയില്‍ ഏറ്റവും ഭൂരിപക്ഷം നേടിയ കോൺഗ്രസ് സ്ഥാനാര്‍ഥി എന്ന റെക്കോഡും നിലവില്‍ അദ്ദേഹം സ്വന്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ റെക്കോഡ് ആണ് അദ്ദേഹം തകര്‍ത്തത്. 2016ല്‍ റെജി സഖറിയയ്ക്കെതിരേ 33,632 ഭൂരിപക്ഷം തിരുവഞ്ചൂര്‍ നേടിയിരുന്നു. ഇതാണ് ചാണ്ടി മറികടന്നത്.
നേരത്തെ, ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷവും അദ്ദേഹം മറികടന്നിരുന്നു. 2011ല്‍ എല്‍ഡിഎഫിന്റെ സുജ സൂസനെതിരെയാണ് ഉമ്മന്‍ ചാണ്ടിക്ക് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചത്. 33,255 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്. ആദ്യത്തെ പഞ്ചായത്ത് ആയ അയര്‍ക്കുന്നം മുതല്‍ ചാണ്ടി ഉമ്മന്‍ വ്യക്തമായ മേല്‍ക്കൈ ആണ് പുലര്‍ത്തുന്നത്. അകലക്കുന്നവും, കൂരോപ്പടയും മണര്‍കാട് പഞ്ചായത്തും ചാണ്ടി ഉമ്മന്‍ വലിയ പിന്തുണ നല്കി. ഒരു ബൂത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന് മുന്നില്‍ എത്താന്‍ കഴിഞ്ഞില്ല എന്നാണ് നിലവിലെ വിവരം.