കോട്ടയം: അന്‍പത്തി മൂന്നു കൊല്ലം ഉമ്മന്‍ ചാണ്ടി എന്തു ചെയ്തു എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതു തന്നെ മതിയെന്നാണ് ആ മറുപടിയെന്ന് അച്ചു മാധ്യമങ്ങളോടു പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്നു നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിനു നാടു നല്കിയ യാത്രയയപ്പ് എല്ലാവരും കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്നു നല്‍കിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടിയവര്‍ക്കുള്ള മുഖത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പു ഫലം.
അന്പത്തിമൂന്നു കൊല്ലം ഉമ്മന്‍ ചാണ്ടി ഇവിടെ എന്തു ചെയ്തെന്നാണ് ചോദിച്ചത്. അതിനാണ് പുതുപ്പള്ളി മറുപടി നല്‍കിയത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതിയെന്നാണ് ആ മറുപടി. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ഉള്ളംകൈയില്‍ വച്ചു കൊണ്ടുനടന്ന പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില്‍ ഭദ്രമാണ്. സമാനതകളില്ലാത്ത വലിയ വിജയമാണ് പുതുപ്പള്ളി സമ്മാനിച്ചിരിക്കുന്നത്. ഇതില്‍ എല്ലാവരോടും നന്ദി പറയുന്നതായും അച്ചു ഉമ്മന്‍ പറഞ്ഞു.