കൊച്ചി: പുലർച്ചെ രണ്ടു മണിയോടെ കുട്ടിയുടെ നിലവിളികേട്ടാണ് താൻ പുറത്തിറങ്ങിയതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. ജനൽ തുറന്നു നോക്കിയപ്പോൾ കുട്ടിയുമായി ഒരാൾ നടന്നുപോകുന്നതാണ് കണ്ടത്. തുടർന്ന് അയൽവാസികളെ വിളിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.
സമീപത്തെല്ലാം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പാടത്ത് പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ തണുത്ത് വിറച്ച് നിൽക്കുന്ന അവസ്ഥയിൽ കണ്ടത്. തങ്ങൾ കാണുമ്പോൾ കുട്ടിക്ക് വസ്ത്രങ്ങളില്ലായിരുന്നു. കുട്ടിയുമായി വീട്ടിലെത്തി വിളിച്ചെങ്കിലും വീട്ടുകാർ ഉണർന്നില്ല. നാട്ടുകാർ തന്നെ പുറത്തുനിന്ന് വാതിൽ തുറന്ന് ജനലിൽ തട്ടി വിളിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതെന്നും കുട്ടിയെ കണ്ടെത്തിയ നാട്ടുകാരൻ പറഞ്ഞു.
മാതാവിന് സമീപം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ കുടുംബം 10 വർഷമായി കേരളത്തിൽ താമസിച്ചുവരികയാണ്. ആലുവ റൂറൽ എസ്.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.