തൃശ്ശൂർ: പുതുപ്പളളിയിൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് യു.ഡി.എഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടലെന്നും ഇല്ലാത്ത പക്ഷം എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മണ്ഡലത്തില്‍ ബിജെപിക്ക് 19,000ല്‍പരം വോട്ടുണ്ട്. ചാണ്ടി ഉമ്മന്‍ ജയിക്കുകയാണെങ്കില്‍ ഈ വോട്ടുവാങ്ങല്‍ ആണ് കാരണം. അതല്ലയെങ്കില്‍ ചാണ്ടി ജയിക്കില്ല എന്നദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെറിയ ഭൂരിപക്ഷത്തിനായാലും ജെയ്ക് ജയിക്കും. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവുകയില്ല. വോട്ടിംഗ് വെെകിപ്പിച്ചെന്ന ആരോപണം കളക്ടര്‍ നിഷേധിച്ചിതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനും അദ്ദേഹം മറുപടി നല്കി. ഈ വിധിയോടെ സര്‍ക്കാരിന്റെ ആണിക്കല്ല് ഇളകുകയല്ല കൂടുതല്‍ ഉറയ്ക്കുകയാണുണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞു.