കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന വി.എന്‍. വാസവന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഓഡിയോ ക്ലിപ്പിന് പിന്നില്‍ ആരാണെന്ന് തങ്ങള്‍ക്ക് മനസിലായിട്ടില്ല. അക്കാര്യം ആകെ മനസിലായിരിക്കുന്നത് വാസവനാണെന്ന് സതീശന് പറഞ്ഞു.
ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടെന്ന് വാസവന് പറഞ്ഞ വിജയകുമാര്‍ നേരത്തേ കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്ന ആളാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ വാസവന്റെ സഹയാത്രികനാണ്. ഇതോടെ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്നും സതീശന് പ്രതികരിച്ചു. ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസമല്ല ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഈ വിഷയത്തില്‍ നേരത്തേ പ്രതികരിക്കാന്‍ അവസരമുണ്ടായിരുന്നു.
സിപിഎം എത്ര ഉയര്‍ന്ന നിലവാരത്തില്‍ സംസാരിച്ചാലും അവര്‍ ചെയ്യുന്നത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. തെരഞ്ഞെടുപ്പ് ദിവസവും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടുകയാണെന്നും സതീശന് പറഞ്ഞു.ഇതിനെല്ലാമുള്ള മറുപടി പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ നല്‍കും. യഥാര്‍ഥ കണ്യൂണിസ്റ്റുകാര് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യും. ഈ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീത് വേണമെന്ന് അവര്‍ പോലും ചിന്തിക്കുന്നുണ്ടെന്നും സതീശന് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ സ്വാധീനവും സർക്കാർ വിരുദ്ധ വികാരവുമാണ് സ്വപ്ന തുല്യമായ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷ തങ്ങൾ പങ്കുവയ്ക്കാൻ കാരണം. ഭൂരിപക്ഷത്തിന്റെ കൃത്യമായ കണക്കുപറയാത്തത് അതിനപ്പുറത്തേക്ക് പോവുമെന്നതു കൊണ്ടാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് താൻ അശ്ലീലവീഡിയോ പ്രചരിപ്പിച്ചെന്ന് വരെ എൽഡിഎഫ് പറഞ്ഞു. എന്തും പറയാനും പ്രചരിപ്പിക്കാനും യാതൊരു മടിയുമില്ലാത്ത ആളുകളാണ്. തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കണമെന്ന് പറഞ്ഞു. എന്നാലവർ നടത്തിയത് അച്ചു ഉമ്മനെതിരായ അധിക്ഷേപമാണ്, പ്രചരണമാണ്.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നവർ തുടക്കംമുതൽ പരിഭ്രാന്തിയിലാണ്. എന്ത് പറയണമെന്നും ചർച്ച ചെയ്യണമെന്നും യാതൊരു ഐഡിയയുമില്ലെന്നും സതീശൻ ആരോപിച്ചു. ഇന്ന് ശരിക്ക് ചർച്ചയാവേണ്ടത് എ.സി മൊയ്തീനും കരുവന്നൂർ ബാങ്ക് തട്ടിപ്പുമായിരുന്നു. എന്തുകൊണ്ടാണ് എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോകാമെന്നാണ് പറഞ്ഞത്. മുമ്പ് പോയിരുന്നെങ്കിൽ ഇന്നത്തെ ചർച്ച അതാകുമായിരുന്നു.
ഏകദേശം 315 കോടി രൂപ അടിച്ചുമാറ്റി ആളുകളെ പറ്റിച്ച് അവരെ ജീവനൊടുക്കലിന്റെ മുനമ്പിലെത്തിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ ഭയന്നാണ് എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരുന്നത്. പോളിങ് ശതമാനം ഉയർന്നാൽ അത് ഗുണകരമാവുക യുഡിഎഫിനാണ്. തങ്ങൾ നന്നായി പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും സതീശൻ കൂട്ടിച്ചേർത്തു.