ബ്രസീലിയ: ഗർഭിണിയായിരിക്കെ മുൻ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളിൽ ആന്റണിക്കെതിരെ നടപടിയുമായി ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷൻ(സി.ബി.എഫ്). ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കി. വാർത്താകുറിപ്പിലൂടെയാണ് സി.ബി.എഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡ് താരം കൂടിയായ ആന്റണിയുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. ഇരയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
സാവോ പോളോയിലും ഗ്രേറ്റർ മാഞ്ചസ്റ്ററിലുമാണ് മുൻ കാമുകി ആന്റണിക്കെതിരെ പരാതി നൽകിയത്. ഗുരുതരമായ ആരോപണങ്ങളാണു താരത്തിനെതിരെയുള്ളത്. മാഞ്ചസ്റ്ററിലെ ഹോട്ടലിൽ വച്ചും യാത്രയ്ക്കിടയിലും ഉൾപ്പെടെ നിരവധി തവണ ശാരീരികമായി ആക്രമിച്ചെന്ന് പരാതിയിൽ പറയുന്നു. മാഞ്ചസ്റ്ററിലെ മുറിയിൽ വച്ച് ആന്റണി തലകൊണ്ട് ഇടിക്കുകയും മർദിക്കുകയും ചെയ്തു. തലയിൽ മുറിവുണ്ടാക്കി. ഗ്ലാസ് കൊണ്ട് നടത്തിയ ആക്രമണത്തിൽ വിരൽ മുറിഞ്ഞു. കൊലപ്പെടുത്തുമെന്ന് ആന്റണി നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവർ പരാതിയിൽ വെൡപ്പെടുത്തി.
ജൂണിൽ പുറത്തുവന്ന പരാതിയുടെ വിശദാശംങ്ങൾ ഇപ്പോൾ ഒരു ബ്രസീൽ മാധ്യമം പുറത്തുവിട്ടതോടെയാണ് ദേശീയ ഫുട്ബോൾ അസോസിയേഷൻ കടുത്ത നടപടിയിലേക്കു നീങ്ങിയത്. അതേസമയം, ആരോപണങ്ങൾ ആന്റണി തള്ളിയിട്ടുണ്ട്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ തന്റെ നിരപരാധിത്വം തെളിയുമെന്നും ആന്റണി പറഞ്ഞു. ടീമിൽനിന്നു പുറത്തായതോടെ ഈ മാസം നടക്കാനിരിക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആന്റണിക്കു കളിക്കാനാകില്ല. ഒൻപതിന് ബൊളീവിയയ്ക്കും 13ന് പെറുവിനും എതിരെയാണ് ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്.