കൊളംബൊ : ഏഷ്യാകപ്പിൽ സൂപ്പർഫോർ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാൾ 48.2 ഓവറില്‍ 230 റൺസിന് ഓൾ ഔട്ടായി. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48) എന്നിവരുടെ മികച്ച പ്രകടനമാണ് നേപ്പാളിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമെടുത്തു. മഴമൂലം ഇടയ്ക്ക് മത്സരം തടസപ്പെട്ടിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 17 റൺസ് എടുത്തിട്ടുണ്ട്. മഴയെ തുടർന്ന് മത്സരം നിർത്തിവച്ചിരിക്കുകയാണ്.
മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ഇന്ന് അട്ടിമറി നടന്നാല്‍ നേപ്പാളിന് സൂപ്പര്‍ ഫോറില്‍ കടക്കാം. അവസാന ഫോറിലെത്താന്‍ ഇന്ത്യക്കും ജയിക്കണം. മഴ കാരണം മത്സരം മുടങ്ങിയാല്‍ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും.
ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവാണ് നേപ്പാളിന് ഗുണം ചെയ്തത്. ഒന്നാം വിക്കറ്റില്‍ കുശാല്‍ ഭര്‍ട്ടല്‍ (38) – ആസിഫ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഭര്‍ട്ടൽ പുറത്തായതോടെ നേപ്പാളിന്റെ നില പരുങ്ങലിലായി. പിന്നീടെത്തിയ ഭീം ഷര്‍ക്കി (7), ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍ (5), കുശാല്‍ മല്ല (2) എന്നവര്‍ക്ക് തിളങ്ങാനായില്ല. മൂവരേയും ജഡേജയാണ് മടക്കിയത്.
ആസിഫിന്റെ വിക്കറ്റ് സിറാജ് എടുത്തതോടെ സ്കോർ 200 കടക്കില്ലെന്ന് തോന്നിച്ചു. എന്നാൽ ഏഴാം വിക്കറ്റിൽ ദീപേന്ദ്ര സിങ് അയ്രീ – സോംപാൽ കാമി സഖ്യവും തീർത്ത അർധസെഞ്ചറി കൂട്ടുകെട്ട് നേപ്പാളിനെ മെച്ചപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു. സോംപാൽ കാമി 56 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്ത് പുറത്തായി. ദീപേന്ദ്ര സിങ് 25 പന്തിൽ മൂന്നു ഫോറുകളോടെ 29 റൺസ് നേടി.
10 ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റെടുത്തെങ്കിലും 9.2 ഓവറിൽ 61 റൺസ് വഴങ്ങി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.