ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളുടെ പ്രഖ്യാപിത ആസ്തിയിൽ വർധനയുള്ളതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) റിപ്പോർട്ട്.
2020 – 21 സാമ്പത്തിക വർഷത്തിൽ ദേശീയ പദവി അലങ്കരിച്ചിരുന്ന എട്ട് പാർട്ടികൾക്കുമായി ഉണ്ടായിരുന്ന ആസ്തികളുടെ ആകെ മൂല്യം 7,291.61 കോടി രൂപ ആയിരുന്നു. 2021 – 22 സാമ്പത്തികവർഷത്തിൽ ഈ സംഖ്യ 8,829.158 കോടി രൂപയായി ഉയർന്നതായി ആണ് എഡിആർ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
6,046.81 കോടി രൂപയുടെ ആസ്തി മൂല്യമുള്ള ബിജെപിയാണ് പ്രഖ്യാപിത സ്വത്തുക്കളുടെ പട്ടികയിലെ കൊമ്പൻ. 2020 – 21 കാലഘട്ടത്തിലെ 4,990.19 കോടി രൂപയുടെ സ്വത്തിൽ നിന്ന് 21.17 ശതമാനത്തിന്റെ വർധനവാണ് ബിജെപിക്ക് ഉണ്ടായത്.
2020 – 21 സാമ്പത്തിക വർഷത്തിൽ 691.11 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന കോൺഗ്രസിന് ഒരു വർഷത്തിനുള്ളിൽ 16.58 ശതമാനം വളർച്ചയാണ് സ്വത്തിന്റെ കാര്യത്തിൽ നേടാനായത്. 2021 – 22 സാമ്പത്തികവർഷത്തിൽ 805.68 കോടി ആയിരുന്നു കോൺഗ്രസിന്റെ ആകെ ആസ്തി. 71.58 കോടി രൂപയുമായി എട്ട് പാർട്ടികളിൽ ഏറ്റവുമധികം സാമ്പത്തികബാധ്യത ഉള്ളതും കോൺഗ്രസിനാണ്.
ഒരു വർഷത്തിന്റെ ഇടവേളയ്ക്കിടെ 151 ശതമാനം ആസ്തി വളർച്ച നേടിയ തൃണമൂൽ കോൺഗ്രസിന് 2021 – 22 സാമ്പത്തികവർഷത്തിൽ 458.10 കോടി രൂപയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. ഇതേ കാലയളവിൽ ബിഎസ്പിയുടെ ആസ്തി 5.74 ശതമാനം കുറഞ്ഞ് 690.71 കോടി രൂപയിൽ എത്തി.
സിപിഎംന് പ്രഖ്യാപിത സ്വത്ത് കണക്കിൽ 735.77 കോടി രൂപയുമായി കോൺഗ്രസിന്റെ തൊട്ടടുത്തുണ്ട്. 2020 – 21 സാമ്പത്തിക വർഷത്തിൽ 14.05 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന സിപിഐയ്ക്ക് 2021 – 22 സാമ്പത്തികവർഷത്തിൽ ഉണ്ടായിരുന്ന ആകെ പ്രഖ്യാപിത ആസ്തി 15.72 കോടി രൂപയുടേതാണ്.