കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടപടി നേരിട്ട വിദ്യാർത്ഥികൾ. ആറ് വിദ്യാർത്ഥികളും അദ്ധ്യാപകൻ ഡോ.പ്രിയേഷിനോട് മാപ്പ് പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.
കോളേജ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് വിദ്യാർത്ഥികൾ ക്ഷമ ചോദിച്ചത്. സംഭവത്തിൽ മറ്റ് നടപടികൾ വേണ്ടെന്ന് കൗൺസിൽ തീരുമാനിച്ചിരുന്നു.ബി എ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ ഡോ. പ്രിയേഷിനെയാണ് കെ എസ് യു നേതാവ് അടക്കമുള്ള വിദ്യാർത്ഥികൾ അപമാനിച്ചത്. പ്രിയേഷ് ക്ളാസിലുള്ളപ്പോൾ വിദ്യാർത്ഥികൾ ഫോൺ നോക്കിയിരിക്കുന്നതിന്റെയും, കസേര വലിച്ചുമാറ്റുന്നതിന്റെയും, അദ്ധ്യാപകന്റെ പിറകിൽ നിന്ന് കളിയാക്കുന്നതിന്റെയുമൊക്കെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
വീഡിയോ വിവാദമായതോടെ കെ എസ് യു നേതാവ് ഫാസിൽ അടക്കമുള്ള ആറ് വിദ്യാർത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനായി മൂന്നംഗ സമിതിയെ കോളേജ് നിയോഗിച്ചു. അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് കോളേജ് മാനേജ്മെന്റ് സെൻട്രൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ പരാതിയില്ലെന്നായിരുന്നു ഡോ. പ്രിയേഷിന്റെ നിലപാട്. അതിനാൽ കേസ് എടുത്തിരുന്നില്ല.
സംഭവത്തിൽ പരസ്യമായി മാപ്പു പറയണമെന്ന കോളേജ് ഗവേണിംഗ് കൗൺസിലിന്റെ നിർദ്ദേശം അംഗീകരിക്കില്ലെന്ന് കെ.എസ്.യു മുൻപ് പറഞ്ഞിരുന്നു. പരാതി നൽകിയ അദ്ധ്യാപകനെ സംഘടനയുടെ യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഫാസിൽ ബോധപൂർവ്വം അവഹേളിച്ചിട്ടില്ല. തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു സംഘടന അന്ന് വ്യക്തമാക്കിയത്.