കൊല്ലം: കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം ചെയ്ത ആളും നാടിന്റെ ശാപവുമാണ് ഗോഡ്സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. വെളിയം രാജീവ് രചിച്ച ‘ഗാന്ധി വേഴ്സസ് ഗോദ്സെ’ എന്ന പുസ്തകത്തിന്റെ പരിഷ്ക്കരിച്ച നാലാം പതിപ്പിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കേണല്‍ എസ് ഡിന്നിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.
ഗാന്ധി എന്ന വെളിച്ചത്തെ തല്ലിക്കെടുത്താന്‍ പാടില്ലായിരുന്നു. ധര്‍മത്തിന്റെ പ്രതീകമായി നാം കാണുന്ന ഗാന്ധിജി തന്റെ തത്ത്വാധിഷ്ഠിത നിലപാടില്‍ ഒരിക്കലും വെള്ളം ചേര്‍ത്തില്ല. ഓരോ മേഖലയിലും ഗാന്ധി ചിന്തകള്‍ പ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഗാന്ധിജിയോടുള്ള തന്റെ ജീവിതപ്രണാമം താൻ അർപ്പിക്കുന്നുവെന്നും ഗാന്ധിയോർമകൾക്ക് മുന്നിൽ നമ്രശിരസ്കനാകുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ലോകമുള്ളിടത്തോളം ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങൾ മാനവരാശിക്ക് വഴികാട്ടിയായി നിൽക്കുമെന്ന് ഉറപ്പുണ്ട്. ഗോഡ്സെ നാടിന്റെ ശാപമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അടുത്തയിടെ പൂനെയിൽ പോയപ്പോൾ അത് തനിക്ക് ഒരിക്കൽ കൂടി ബോധ്യമായെന്നും വ്യക്തമാക്കി. വികാരമല്ല വിചാരമാണ് ഒരു രാഷ്ട്രത്തിന് വേണ്ടത്. വിചാരത്താൽ ഐക്യപ്പെടുന്ന സമൂഹത്തെയാണ് നേതാക്കൻമാർ സൃഷ്ടിക്കേണ്ടത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണെന്നും ഒഴുകിപ്പോകുമ്പോൾ അത് കോരിയെടുത്ത് പുതുതലമുറയ്ക്ക് പകർന്നു നൽകാൻ നേതാക്കൻമാർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.