കോട്ടയം : ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്. 3 മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ടു പാമ്പാടിയിൽ നടക്കും. ഉപതിരഞ്ഞെടുപ്പിൽ 3 സ്വതന്ത്രർ ഉൾപ്പെടെ 7 സ്ഥാനാർഥികളാണുള്ളത്. വോട്ടെടുപ്പു നടക്കുന്ന അഞ്ചിന് മണ്ഡലത്തിൽ പൊതു അവധിയാണ്.
മന്ത്രിമാർ അടക്കമുള്ള പ്രധാന നേതാക്കൾ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനായി ഇന്ന് കളത്തിലിറങ്ങും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടിയും പ്രചാരണത്തിനിറങ്ങും. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും വിപുലമായ സന്നാഹങ്ങളോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിക്കുക. സ്ഥാനാർഥികളുടെ റോഡ് ഷോകളും ഇന്ന് നടക്കും. ഇടയ്ക്ക് ചെയ്യുന്ന മഴയെ അവഗണിച്ചാണ് പുതുപ്പള്ളിലെ പ്രചാരണം അവസാന മണിക്കൂറിൽ പുരോഗമിക്കുന്നത്.