ന്യൂഡൽഹി : കള്ളപ്പണ നിക്ഷേപങ്ങൾവഴി അദാനി ഗ്രൂപ്പ് കമ്പനികളിൽ പ്രമോട്ടർമാരുടെ ഓഹരിപങ്കാളിത്തം നിയമപരിധി മറികടന്നു. ഇന്ത്യയിൽ കമ്പനികളിൽ പ്രമോട്ടർമാർക്ക് അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി 75 ശതമാനമാണ്. എന്നാൽ, അദാനി കമ്പനികളിൽ പ്രമോട്ടർമാരുടെയും ബിനാമികളായ നാസർ അലി ഷബാൻ അഹ്ലി, ചാങ് ചുങ് ലിങ് എന്നിവരുടെയും സംയുക്ത ഓഹരിപങ്കാളിത്തം 80–-89 ശതമാനമായി ഉയർന്നു. 2017 ജനുവരിയിലെ രേഖകൾ സഹിതം ലണ്ടനിലെ ‘ഫിനാൻഷ്യൽ ടൈംസ്’ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
അദാനി എന്റർപ്രൈസസിൽ പ്രമോട്ടർ ഗ്രൂപ്പിന്റെ നേരിട്ടുള്ള ഓഹരിപങ്കാളിത്തം 2017ൽ 74.9 ശതമാനമായിരുന്നു. അഹ്ലിയുടെയും ചാങ്ങിന്റെയും പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ 13.5 ശതമാനം വാങ്ങി. പൊതുജനങ്ങൾക്ക് വിതരണംചെയ്തതിൽ 11.6 ശതമാനവും ഇവർ രഹസ്യമായി വാങ്ങി. ആകെ 88.4 ശതമാനം ഓഹരികൾ അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിലായി. അഹ്ലിക്കും ചാങ്ങിനും അദാനി കുടുംബവുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ അദാനി പവറിൽ 80.9 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 89.3 ശതമാനവും ഓഹരികൾ അദാനികുടുംബം കൈയിൽവച്ചു. ഓഹരിവിപണിയിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാക്കേണ്ട നിയമലംഘനമാണിത്. അഹ്ലിയും ചാങ്ങും ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്ന സ്ഥാപനത്തിന് രൂപം നൽകിയത് അദാനിഗ്രൂപ്പിന്റെ ഓഹരി ഇടപാടുകൾ നടത്താൻ മാത്രമാണെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ ചൂണ്ടിക്കാണിക്കുന്നു. സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും പുറത്തുകൊണ്ടുവരാനുള്ള രാജ്യാന്തര മാധ്യമക്കൂട്ടായ്മ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആർപി) കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.