കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ യെ വെല്ലുവിളിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. തനിക്ക് അനധികൃത സ്വത്ത് ഉണ്ട് എന്നത് തെളിയിക്കാൻ കുഴൽനാടൻ തയ്യാറാകണം. തന്റേത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം എന്നും അനധികൃത സ്വത്ത് പുറത്തു കാണിക്കണമെന്നും സി എൻ മോഹനൻ പറഞ്ഞു.
മാനനഷ്ടക്കേസിൽ മാത്യു കുഴൽനാടൻ വക്കീൽ നോട്ടീസ് അയച്ചത് പിന്നാലെയാണ് കുഴൽനാടനെതിരെ രൂക്ഷമായ ഭാഷയിൽ ആരോപണങ്ങൾ ഉന്നയിച്ച് സി എൻ മോഹനൻ രംഗത്ത് വന്നത്. കുഴൽനാടൻ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് താൻ കാര്യങ്ങൾ പറഞ്ഞതെന്നും തനിക്ക് അനധികൃത സ്വത്ത് ഉണ്ടെന്ന് പറയുന്ന മാത്യു കുഴൽ നാടൻ അത് തെളിയിക്കാൻ തയ്യാറാകണമെന്നും സി എൻ മോഹനൻ പറഞ്ഞു.
ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം. തനിക്ക് ലഭിച്ച വക്കീൽ നോട്ടീസിൽ മറുപടി നൽകും. മാത്യു കുഴൽ നാടൻ എന്തോ വലിയ സംഭവമാണെന്നാണ് സ്വയം കരുതുന്നതെന്നും സിഎൻ മോഹനൻ പറഞ്ഞു. നാടൻ കുഴൽ ആയാലും ഇരട്ടക്കുഴൽ ആയാലും ഇങ്ങോട്ട് വരണ്ട എന്നും സി എൻ മോഹനൻ പരിഹസിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഹിറ്റ് ആൻഡ് റൺസ ശൈലിയാണ് മാത്യു കുഴൽനാടന്റേത് എന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു.