കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു ഞായറാഴ്ച തിരശീല വീഴും. പിന്നെ ഒരു ദിവസം നിശബ്ദ പ്രചാരണം. അഞ്ചിനു വിധിയെഴുത്ത്. കലാശക്കൊട്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകിട്ട് അഞ്ചുവരെ പാമ്പാടിയിലാണ്. മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വാഹനങ്ങളും ഉച്ചകഴിഞ്ഞ് മുതല്‍ പാമ്പാടി ടൗണിലെ മൂന്നു കേന്ദ്രങ്ങളില്‍ സംഗമിക്കും.
ലോക്കല്‍ തലങ്ങളില്‍ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍നിന്നു സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളും വര്‍ണ ബലൂണുകളും വാദ്യമേളങ്ങളുമായി ഒത്തുകൂടുമ്പോള്‍ പാമ്പാടി പ്രകമ്പനം കൊള്ളും.കലാശക്കൊട്ട് ആവേശത്തിലാക്കാനുള്ള ശ്രമത്തിലാണു മുന്നണികളും സ്ഥാനാര്‍ഥികളും.
പാമ്പാടി ബസ് സ്റ്റാന്‍ഡ് മുതല്‍ ആലാംപള്ളി വരെയുള്ള സ്ഥലമാണ് യുഡിഎഫിന് കലാശക്കൊട്ടിനായി അനുവദിച്ചിരിക്കുന്നത്. യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും വാഹനങ്ങളില്‍ വിവിധ പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.സമാപന യോഗത്തില്‍ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ തുറന്ന വാഹനത്തില്‍നിന്നു പ്രസംഗിച്ച് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി.ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാകും യുഡിഎഫിന്റെ സമാപന പരിപാടികൾ.
പാമ്പാടി ബസ്റ്റാന്‍ഡ് മുതല്‍ കാളചന്ത വരെയാണ് എല്‍ഡിഎഫിനു കലാശക്കൊട്ടിനായി അനുവദിച്ചു നല്‍കിയിരക്കുന്നത്. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കലാശക്കൊട്ടിനായി എത്തും. വാദ്യമേളങ്ങളും കലാരൂപങ്ങളും സമാപന പ്രചാചരണത്തെ കൊഴുപ്പിക്കും.മന്ത്രി വി.എന്‍.വാസവന്, ജോസ് കെ. മാണി, വി.ബി.ബിനു എന്നിവരുടെ നേതൃത്വത്തിലാണ് സമാപന സമ്മേളനം. വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍നിന്നു സ്ത്രീകളും യുവജനങ്ങളും പ്രചാരണ പരിപാടികളുമായി പാമ്പാടിയിലെത്തും.
പാമ്പാടി കൂരോപ്പട റോഡിലാണ് എന്‍ഡിഎയുടെ കലാശക്കൊട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് സമാപന സമ്മേളനത്തിനെത്തും. സംസ്ഥാന-ദേശീയ നേതാക്കൾ കലാശക്കൊട്ടിൽ പങ്കെടുക്കും. വാദ്യമേളങ്ങള്‍, അമ്മന്‍കുടം, മയിലാട്ടം തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ സമാപന സമ്മേളനം കൊഴുപ്പിക്കാനായി ബിജെപി നേതൃത്വം ആസുത്രണം ചെയ്തിട്ടുണ്ട്.