ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 പേർ മരിച്ച സംഭവത്തിൽ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ.റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അരുണ്‍കുമാർ മൊഹന്ത, സെക്ഷൻ എൻജിനിയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷൻ പപ്പുകുമാർ എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അപകടത്തിന് കാരണം സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളുടെ വീഴ്ചയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിഗ്നലിംഗ് റൂമിൽ കൃത്രിമം നടന്നതായി ചൂണ്ടിക്കാട്ടി ജൂണ്‍ 28-ന് റെയിൽ സുരക്ഷാ കമ്മീഷണർ റെയിൽവേ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ ട്രെയിൻ കടത്തിവിടുന്നതിന് ഗ്രീൻ സിഗ്നൽ നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ, ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോയ കോറമാണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പുരിൽ നിന്ന് ഹൗറയിലേക്ക് പോയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ സമീപത്തെ ട്രാക്കിലുണ്ടായിരുന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.