കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന് ആവേശപ്പോരാട്ടത്തിനു അല്‍പ്പ സമയത്തിനുള്ളില്‍ തുടക്കം. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യ മുഹമ്മദ് ഷമിയെ കളിപ്പിക്കുന്നില്ല. ശാര്‍ദുല്‍ ഠാക്കൂറിനു അവസരം നല്കി. സൂര്യകുമാർ യാദവിനേയും പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ആദ്യ മത്സരം കളിച്ച അതേ ഇലവനെ തന്നെ പാകിസ്ഥാന് നിലനിര്‍ത്തി.
2019ലെ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏകദിനത്തില്‍ ഏറ്റുമുട്ടിയത്. അതിനു ശേഷം ഇപ്പോഴാണ് ഇരുവരും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാരും പാകിസ്ഥാന്റെ ബൗളര്‍മാരും തമ്മിലായിരിക്കും പോരാട്ടം. നിലവാരമുള്ള ബൗളിങ് എന്ന പെരുമയുമായാണ് പാകിസ്ഥാന് മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിങില്‍ വൈവിധ്യങ്ങളുടെ ആഴവും പരപ്പും ആവോളം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന് വിരാട് കോഹ്ലി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണുകള്‍. ഷഹീന് ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണ് മറുഭാഗത്ത് ബൗളിങ് ആക്രമണം. ഇവര്‍ തമ്മിലുള്ള പോരായിരിക്കും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക.
ഇന്ത്യ ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
പാകിസ്ഥാന് ഇലവന്: ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്, ഇമാം ഉള് ഹഖ്, മുഹമ്മദ് റിസ്വാന്, ആഗ സല്മാന്, ഇഫ്തിഖര്‍ അഹമദ്, ഷദബ് ഖാന്, മുഹമ്മദ് നവാസ്, ഷഹീന് ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.