തിരുവനന്തപുരം: സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എൽ-1 ശ്രീഹരിക്കോട്ടയിൽ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. കൗണ്ട്ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണ്ണമായി തദ്ദേശീയമായി നിർമ്മിച്ചതാണ് ആദിത്യ എൽ-1. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എൽ-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടത്.
സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. വിക്ഷേപണത്തോടനുബന്ധിച്ച് ഇസ്റോ ചെയർമാൻ ഡോ. എസ്. സോമനാഥ് തിരുപ്പതിയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തിൽ പ്രാർത്ഥനയും പൂജയും നടത്തി. ഒരുസംഘം ശാസ്ത്രജ്ഞർ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പേടകത്തിന്റെ ചെറുമാതൃകയുമായെത്തി പൂജ നടത്തി.
ആദിത്യ എൽ-1 ദൗത്യം
*ചെലവ് : 378കോടി
*വിക്ഷേപണ റോക്കറ്റ് : പി.എസ്.എൽ.വി. എക്സ് എൽ- 57.
*വിക്ഷേപണസ്ഥലം: ശ്രീഹരിക്കോട്ട സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
*വിക്ഷേപണ സ്ഥാനം : ലെഗ്രാഞ്ച് പോയന്റ് 1
*യാത്രാസമയം 125 ദിവസം
*പഠന ഉപകരണങ്ങളുടെ എണ്ണം 7