കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം. ശ്രീലങ്കയിലെ പല്ലെക്കീലിൽ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. നാല് വർഷത്തിന് ശേഷമാണ് ഏകദിനത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം നടക്കുന്നത്.
2019 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഏകദിനത്തിൽ, ഇരുടീമും നേർക്കുനേർ ഇറങ്ങുന്നത് . അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഏഷ്യാകപ്പ്. ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ നേപ്പാളിനെതിരായ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താന്.
രോഹിതിനും കോഹ്ലിക്കും സൂര്യകുമാറിനും പുറമെ പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യരും പ്ലെയിങ് ഇലവനിൽ വന്നേക്കാം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് സഖ്യത്തിന്റെ പേസ് ബോളിങ് മൂർച്ച ഇന്ന് പരീക്ഷിക്കപ്പെടും.മറുഭാഗത്ത് ഷാഹിന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, പേസ് ത്രയത്തെ മറകടക്കുകയാണ് ഇന്ത്യയുടെ വെല്ലുവിളി. ഏകദിനത്തിലെ മേൽക്കൈയും അവസാനത്തെ കളികളിലെ വിജയവും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു. മത്സരത്തിന് മഴ വില്ലനായേക്കുമെന്ന് പ്രവചനമുണ്ട്.