പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് അണക്കെട്ടുകള്‍ തുറന്നത്. ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളം തുറന്നുവിടുകയാണ്.
മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിന്റെ മൂന്നുഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മണിയാര്‍ ഡാം തുറന്നതോടെ കക്കാട്ടാറ്റിലും പമ്പയിലും ജലനിരപ്പുയർന്നു. ആനത്തോട് അണക്കെട്ടിന്റെ ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് കിഴക്കൻ മേഖലയിൽ മഴ ആരംഭിച്ചത്. വൈകിട്ടോടെ ഇതു ശക്തമായി. കനത്ത മഴയെ തുടർന്ന് ഗവി യാത്രയ്ക്കു നിരോധനം ഏർപ്പെടുത്തി. ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണിത്. ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ട് സ്ഥലങ്ങളിലായി ഉരുൾപൊട്ടൽ ഉണ്ടായി.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.