തിരുവനന്തപുരം : ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയ.
ആലുവ പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തുന്നു. മെഡിക്കല്‍ കോളജ് പോലീസ് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ആലുവ പോലീസിന്റെ നീക്കമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും എഡിജിപി അജിത് കുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. തന്നെ ജയിലില്‍ അടച്ചിരിക്കുമെന്ന് പോലീസുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവര്‍ അതിനായി പരിശ്രമിക്കുമെന്നും ഷാജന് പറഞ്ഞു.
തന്റെ പോരാട്ടം എല്ലാ മാധ്യമങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഭരണഘടനയെ വിശ്വസിക്കുന്ന ആളാണ് താന്‍. അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ആരെയും വിമര്‍ശിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ താന്‍ കേള്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ സുരക്ഷാ വീഴ്ച സംഭവിച്ചത് സംബന്ധിച്ച് ചെയ്ത വിശകലനം മോദിയെ സ്നേഹിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തെന്നാണ് വെള്ളിയാഴ്ച എടുത്ത കേസ്.
കേസിൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ചയും ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് വളരെ മാന്യമായിട്ടാണ് പെരുമാറിയത്. പക്ഷെ ചോദ്യം ചെയ്യലിനിടെയില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടന്നു.
ആലുവ പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെ വയര്‍ലെസ് സന്ദേശം സാങ്കേതികവിദ്യ ഉപയോഗിച്ച് മോഷ്ടിച്ച് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്നാണ് കേസ്. കേസ് സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ തനിക്ക് അറിയില്ല.
ഒരു കേസ് കഴിഞ്ഞാല്‍ അടുത്ത കേസെന്ന നിലയില്‍ ജയിലില്‍ അടക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പക വീട്ടലാണ് നടക്കുന്നത്- ഷാജന് സ്കറിയ ആരോപിച്ചു.
നേരത്തെ, ഷാജന് സ്കറിയക്കെതിരേ പോലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ ആലുവ പോലീസ് പുതിയ കേസെടുത്തിരുന്നു. 2019 ല്‍ കോവിഡ് കാലത്ത് പോലീസിന്റെ ഗ്രൂപ്പില്‍നിന്ന് വയര്‍ലെസ് സന്ദേശം പുറത്തുപോയത് വാര്‍ത്തയായി നല്‍കിയിരുന്നു
ഈ സംഭവത്തില്‍ പോലീസിന്റെ രഹസ്യസ്വഭാവമുള്ള സന്ദേശങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചു കൊണ്ടാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.