ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി. ഖലിസ്ഥാന്‍ പതാകകളുമായി ഡല്‍ഹി വിമാനത്താവളം കയ്യേറുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളില്‍ അറസ്റ്റിലായ രണ്ടുപേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.
ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. പഞ്ചാബില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.
ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3,500 ഡോളർ പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവർക്ക് പണം നൽകിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളർ ആയിരുന്നു.
അറസ്റ്റിലായ പ്രതികൾ സമൂഹമാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടതെന്നാണ് വിവരം. ഓഗസ്റ്റ് 27നാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പേരിൽ ഡൽഹിയിലെ അഞ്ചു മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ കാനഡ, ബ്രിട്ടന്, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെങ്കില്‍ വിവരം നല്കാന് സിഖ് ഫോര്‍ ജസ്റ്റിസ് സ്ഥാപകന്‍ ഗുര്‍പന്ത് സിങ് പാന്നുന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് ഇയാളുടെ വാഗ്ദാനം.