തിരുവനന്തപുരം : നെല്ല് സംഭരണ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി നടന് ജയസൂര്യ. ആറ് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്ന് ജയസൂര്യ ചോദിച്ചു.
ഒരു മലയാള ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് താരത്തിന്റെ പ്രതികരണം. മന്ത്രി പി.രാജീവ് ക്ഷണിച്ചതനുസരിച്ചാണ് താന്‍ കളമശേരിയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വേദിയിലെത്തിയപ്പോള്‍ കൃഷിമന്ത്രി ഇവിടെയുള്ളതുകൊണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ആറ് മാസമായി കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത വിവരം തനിക്ക് നേരിട്ടോ, സമൂഹമാധ്യമങ്ങള്‍ വഴിയോ മന്ത്രി അറിയിക്കാമായിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. ആറ് മാസം മുമ്പ് ശേഖരിച്ച നെല്ല് ഇപ്പോള്‍ വിപണിയില്‍ എത്തിയിട്ടുണ്ടാകും. എന്നിട്ടും അതിന്റെ പണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഈ അനീതിക്കെതിരേ കര്‍ഷക പക്ഷത്തുനിന്നാണ് താന്‍ പ്രതികരിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല. പുതിയ തലമുറയില്‍ ആരും കൃഷിക്കാരാകുന്നില്ലെന്നാണ് മന്ത്രി പി.പ്രസാദ് പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ കൃഷിക്കാരായി പട്ടിണി അനുഭവിക്കുന്നത് കണ്ട് വളര്‍ന്ന കുട്ടികള്‍ എങ്ങനെ കൃഷിക്കാരാകുമെന്നും ജയസൂര്യ ചോദിച്ചു.
കളമശേരിയില്‍ നടന്ന പൊതുചടങ്ങിലാണ് മന്ത്രി പി.രാജീവ്, പി.പ്രസാദ് എന്നിവരെ വേദിയിലിരുത്തിക്കൊണ്ട് ജയസൂര്യ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരേ പിന്നീട് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.