തിരുവനന്തപുരം : ഉത്രാടം ദിനത്തിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ സർവകാല റിക്കാർഡ് വിൽപന. പാൽ, തൈര് എന്നിവയുടെ വിൽപനയിലാണ് തിരുവനന്തപുരം യൂണിയൻ റിക്കാർഡ് വിൽപന നടത്തിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്രാട ദിനത്തിലെ പാൽ വിൽപനയിൽ 21 ശതമാനത്തിന്റെ വൻ വർധനയാണ് തിരുവനന്തപുരം യൂണിയൻ നേടിയത്. ഉത്രാടദിനത്തിൽ 15,50,630 ലിറ്റർ പാൽ വിറ്റഴിച്ചു. തൈരിന്റെ വിൽപനയിൽ 26 ശതമാനം വർധനയോടെ 2,40,562 കിലോയാണ് വിറ്റഴിച്ചത്. പാൽ, തൈര് എന്നിവയുടെ വില്പനയിൽ സർവകാല റിക്കാർഡ് കൈവരിക്കാൻ ടിആർസിഎംപിയുവിനു കഴിഞ്ഞെന്ന് അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനർ എൻ. ഭാസുരാംഗൻ പറഞ്ഞു.
ഓണത്തിന് 320 മെട്രിക് ടണ്‍ നെയ്യ് വിറ്റഴിച്ചതിലൂടെ തിരുവനന്തപുരം മേഖലാ യുണിയൻ ഒന്നാം സ്ഥാനത്ത് എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മിൽമ നേരിട്ട് നടത്തുന്ന സ്റ്റാളുകൾ, മറ്റ് പ്രധാന ഏജൻസികൾ എന്നിവ രാവിലെ അഞ്ച് മുതൽ രാത്രി 12 വരെ തുറന്ന് പ്രവർത്തിച്ചു.