തിരുവനന്തപുരം : ട്രാഫിക് പോലീസിന്റെ ഹോവര്‍ പട്രോളിംഗ് തിരുവനന്തപുരം നഗരത്തില്‍. വിദേശരാജ്യങ്ങളില്‍ നിലവിലുള്ളതു പോലെ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള പോലീസ് പട്രോളിംഗ് ഇനി തിരുവനന്തപുരം നഗരത്തിലും ആരംഭിച്ചു.
ട്രാഫിക് പോലീസിന്റെ പട്രോളിംഗിനായാണ് നഗരത്തില്‍ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡുകള്‍ തുടക്കത്തില്‍ ഉപയോഗിക്കുക. മോട്ടോര്‍ സൈക്കിളുകളും ഫോര്‍ വീലറുകളും ഉപയോഗിച്ച് പട്രോളിംഗ് നടത്താന്‍ ബുദ്ധിമുട്ടുള്ള തിരക്കുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കും, അനധികൃത പാര്‍ക്കിംഗും മറ്റുംഒഴിവാക്കി സുഗമമായ വാഹനഗതാഗതത്തിനും, സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കുന്നതിനു പോലീസിന്റെ സാന്നിധ്യം ഉറപ്പു വരുത്താനും ഹോവര്‍ പട്രോളിംഗ് സംവിധാനം സഹായകമായിരിക്കും.
രണ്ടു ചെറിയ വീലുകളും ഒരു ഹാന്റിലും നില്‍ക്കുന്നതിനുള്ള പ്ലാറ്റ് ഫോമും അടങ്ങിയതാണ് സെല്‍ഫ് ബാലന്‍സിംഗ് സംവിധാനമുള്ള ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ്.
വേഗത്തില്‍ ഈ സംവിധാനം ഉപയോഗിച്ച് പട്രോളിംഗ് നടത്താനും ചെറിയ ഇടറോഡുകളില്‍ പോലും അനായാസം തിരിയാനും ഹോവര്‍ ബോര്‍ഡുകള്‍ക്ക് സാധിക്കും .
ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് പട്രോളിംഗിന്റെ ഉദ്ഘാടനം മാനവീയം വീഥിയില്‍ തിരുവനന്തപുരം സിറ്റി ഐജിപി, സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചകിലം, ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഓടിച്ച് പട്രോളിംഗ് നടത്തി നിര്‍വഹിച്ചു.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, പി. നിതിന്‍രാജ്, സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം. ആർ. സതീഷ് കുമാര്‍, ഷീന്‍ തറയില്‍, പി. നിയാസ് എന്നിവരും പങ്കെടുത്തു.