കൊച്ചി: സിപിഎം നേതാവും മുന്‍ സംസ്ഥാന സമിതി അംഗവുമായ അന്തരിച്ച സരോജിനി ബാലാനന്ദ(86)ന്റെ സംസ്കാരം വ്യാഴാഴ്ച. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് വടക്കന്‍ പറവൂരിലുള്ള മകളുടെ വീട്ടില്‍ കഴിഞ്ഞുവരുന്നതിനിടെ തിരുവോണ ദിവസം രാത്രി 8.30 ഓടെ ആയിരുന്നു അന്ത്യം.
ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ മുന്‍ അംഗം അന്തരിച്ച ഇ. ബാലാനന്ദന്റെ ഭാര്യയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് ആറ് വരെ മൃതദേഹം കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കളമശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കളമശേരി പൊതുശ്മശാനത്തില്‍ നടക്കും.
1985 മുതല്‍ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. 1996-ല്‍ ആലുവയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിള അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.