വയനാട്: ബത്തേരി എംഎല്‍എയും വയനാട് മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണന് ഫോണ്‍ സംഭാഷണത്തിനിടെ നിലവിലെ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എന്‍.ഡി. അപ്പച്ചനെ അസഭ്യം പറയുന്ന കോള്‍ റെക്കോര്‍ഡ് പുറത്ത്. കഴിഞ്ഞദിവസമാണ് ഫോണ്‍കോള്‍ റെക്കോര്‍ഡ് പുറത്ത് വന്നത്.ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വരാന്‍ വൈകിയെന്നാരോപിച്ച് അപ്പച്ചനെ ഫോണില്‍ വിളിച്ചശേഷം വളരെ മോശമായ ഭാഷയില്‍ എംഎല്‍എ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
ശബ്ദരേഖ വന്നതിന്റെ പേരില്‍ വയനാട്ടിലെ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകുന്നതായാണ് വിവരം. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അപ്പച്ചനെ എംഎല്‍എ അസഭ്യം വിളിച്ചതില്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്.ശബ്ദരേഖ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടര്‍ന്ന് ഐ.സി. ബാലകൃഷ്ണനെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്ത് വന്നു.
എന്നാൽ ജില്ലയിലെ രണ്ട് പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന സംഭാഷണം പുറത്ത് വിട്ടതിനെതിരേ ബാലകൃഷ്ണന് അനുകൂലികളും രംഗത്തെത്തി. സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ ഐ.സി. ബാലകൃഷ്ണന് ഡിസിസി പ്രസിഡന്റിനെ വിളിച്ച് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നാണ് ഇരുനേതാക്കളുടെയും നിലപട്. അപ്പച്ചന് അടുത്തദിവസം കെപിസിസിക്ക് പരാതി നല്‍കുമെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.