കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകി. മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 25നാണ് സ്പീഡ് പോസ്റ്റ് വഴി മൊയ്തീന് ഇഡിയുടെ അറിയിപ്പ് ലഭിച്ചത്. ഇതിനു മറുപടി ഇമെയിൽ വഴിയാണ് മൊയ്തീൻ നൽകിയത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മാനേജർ ബിജു കരീം, പി.പി. കിരൺ, അനിൽ സേഠ് എന്നിവരാണ് ചോദ്യംചെയ്യലിന് ഇഡിക്കു മുന്നിൽ ഹാജരായത്. പകൽ 11 മണിയോടുകൂടിയാണ് ഇവർ ഇഡി ഓഫിസിൽ ഹാജരായത്. ഇവരെ ബെനാമികളാക്കി 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ബെനാമി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത് എ.സി. മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കളാണെന്ന് ഇഡി പറയുന്നു. ആ നിർദേശം ഇവർ അംഗീകരിച്ച് പാവങ്ങളുടെ ഭൂമി ഉൾപ്പെടെ അവരറിയാതെ പണയപ്പെടുത്തി വൻതുക നൽകിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ബിജു കരീമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. മറ്റുള്ളവർ മൊയ്തീന്റെ നിർദേശാനുസരണം അനധികൃതമായി ബാങ്കിൽനിന്ന് ലോൺ തരപ്പെടുത്തിയെന്നു കണ്ടെത്തിയിട്ടുള്ളവരാണ്. ഇടനിലക്കാരെയും ബെനാമികൾ അടക്കമുള്ളവരെയും ഇഡി ചോദ്യം ചെയ്തു വരികയാണ്.