ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. തിനുഗെയ് മേഖലയില്‍ നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
കുക്കി സ്വാധീനമേഖലയായ ചുരാചന്ദ്പൂരിലും മെയ്തി ഭൂരിപക്ഷമുള്ള ബിഷ്ണുപൂര്‍ ജില്ലകളിലുമാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മണിപ്പൂര്‍ പൊലീസ്, അസം റൈഫിള്‍സ്, കേന്ദ്ര സേന തുടങ്ങിയവയെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. തിനുഗെയില്‍ പാടത്ത് കൃഷിപ്പണിക്കെത്തിയവര്‍ക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. നാരന്‍സേന പ്രദേശവാസിയായ സലാം ജോതിന് (40) എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരാണ് വെടിയുതിര്‍ത്തതെന്നാണ് ആരോപണം.
കൊയരന്‍ടാക് ഏരിയയിലുണ്ടായ വെടിവെപ്പില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വില്ലേജ് വൊളണ്ടിയറും കൊല്ലപ്പെട്ടു. 30 കാരനായ ജാംഗ്മിന്‍ലും ഗാംഗ്തെയാണ് മരിച്ചത്. കൊയരന്‍ടാക്, തിനുഗെയ് മേഖലകളില്‍ കനത്തെ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.