ന്യൂഡൽഹി: അരുണാചൽ പ്രദേശ്, അക്സായി ചിൻ മേഖല, തായ്വാൻ, തർക്കമുള്ള ദക്ഷിണ ചൈനാ കടൽ എന്നിവ ഉൾപ്പെടുത്തി പുതിയ “സ്റ്റാൻഡേർഡ് മാപ്പ്’ പുറത്തിറക്കി ചൈന. അരുണാചൽ പ്രദേശ് എന്നും എല്ലായ്പ്പോഴും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ തിങ്കളാഴ്ചയാണ് സ്റ്റാൻഡേർഡ് മാപ്പിന്റെ 2023 പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ചൈനീസ് സർക്കാരിന്റെ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബൽ ടൈംസ് ആണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. പുതിയ ഭൂപടത്തിൽ ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും 1962 ലെ യുദ്ധത്തിൽ അക്സായ് ചിൻ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കൈവശപ്പെടുത്തിയതും അവർ ഭൂപടത്തിൽ കാണിക്കുന്നു. തായ്വാനുമായി തർക്കമുള്ള ദക്ഷിണ ചൈന കടലും പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാഷണൽ മാപ്പിംഗ് അവയർനസ് പബ്ലിസിറ്റി വീക്കിന്റെ ഭാഗമായാണ് 2023 ലെ മാപ്പ് പുറത്തിറക്കിയതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.