മുസഫർ നഗർ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. താൻ ഹിന്ദു-മുസ്ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അധ്യാപിക പറഞ്ഞു.
താൻ ചെയ്തതിൽ ലജ്ജിക്കുന്നില്ലെന്നായിരുന്നു ഇന്നലെ പറഞ്ഞത്. അധ്യാപികയായി താൻ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ തനിക്കൊപ്പമുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിപ്പിച്ചത് എന്നായിരുന്നു അധ്യാപിക ആദ്യം പറഞ്ഞത്.
താന്‍ ഒരു തെറ്റ് ചെയ്തു, അതില്‍ വര്‍ഗീയലക്ഷ്യം ഉണ്ടായിരുന്നില്ല, ഞാന്‍ അംഗപരിമിതയാണ്. എനിക്ക് എഴുന്നേല്ക്കാന് കഴിയാത്തതുകൊണ്ട് ക്ലാസിലെ മറ്റ് കുട്ടിയോട് അവനെ രണ്ടുതവണ അടിക്കാന്‍ ആവശ്യപ്പെട്ടു. അത് അവന് പഠിക്കാന്‍ വേണ്ടിയായിരുന്നെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അധ്യാപിക ആരോപിച്ചു. തനിക്ക് തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. തന്റെ പ്രവൃത്തില്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവ് ഇല്ലായിരുന്നു. പല മുസ്ലീം വിദ്യാര്‍ഥികള്‍ക്കും സ്കൂളില്‍ ഫീസ് നല്കാന് സാഹചര്യമില്ലാത്തതിനാല്‍ താന്‍ അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. മുസ്ലീം വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ലെന്നും ടീച്ചര്‍ പറഞ്ഞു.
സ്കൂള്‍ ഉടമ കൂടിയായ അധ്യാപികക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം അധ്യാപികക്കെതിരായ കേസ് പിൻവലിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. വലിയ വിവാദമായിട്ടും കുടുംബത്തെ ഒന്ന് വിളിക്കാൻ പോലും അധ്യാപിക തയ്യാറായിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
‘അവൻ വളരെ അസ്വസ്ഥനായിരുന്നു. രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല. ഇത്തരമൊരു സംഭവം ഒരു ചെറിയ കുട്ടിയെ എങ്ങനെ ബാധിക്കുമെന്ന് ഇതിൽ നിന്ന് മനസിലാക്കാം’- അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന് ശേഷം കുട്ടിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായെന്നും അവന്റെ അവസ്ഥ വഷളായതായും പിതാവ് പറഞ്ഞു. ഒടുവിൽ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ‘അവന് കുറച്ച് സ്വകാര്യത ആവശ്യമാണെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അത് ഉറപ്പാക്കി. അതോടെയാണ് അവസ്ഥ കുറച്ച് ഭേദമായത്’- പിതാവ് വിശദമാക്കി.
കഴിഞ്ഞ 24നാണ് ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ എഴുന്നേല്പിച്ച് നിര്‍ത്തിയ അധ്യാപിക, മറ്റു വിദ്യാര്‍ഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിച്ചത്. ഇത് മറ്റൊരാള്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ സ്കൂള്‍ താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെയാണ് അടച്ചിരിക്കുന്നത്.