തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന് സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ സംഭവ വികസങ്ങളുടെ ഒരു ഉദാഹരണമാണ് യുപിയിലെ സംഭവം. കേരളം ആ കുട്ടിയെ ക്ഷണിക്കുകയാണ്. കേരളത്തിൽ പഠിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
‘അച്ഛനും അമ്മയ്ക്കും ഇഷ്ടമെങ്കിൽ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാറാണ്. യു പി മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യം പറഞ്ഞ് കത്തയച്ചിരുന്നു. എന്നാൽ മറുപടി കിട്ടിയിട്ടില്ല,’ മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വര്‍ഗീയത. കേരളം പ്രതീക്ഷയുടെ തുരുത്താണെന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ നേഹ പബ്ലിക് സ്കൂള്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെതാണ് നടപടി. വിദ്യാര്‍ത്ഥികളെ മറ്റൊരു സ്കൂളില്‍ പ്രവേശിപ്പിക്കും എന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. അധ്യാപിക തൃപ്ത ത്യാഗിയെ പൊലീസ് ചോദ്യം ചെയ്തേക്കും. അധ്യാപികയുടെ അറസ്റ്റിനും സാധ്യതയുണ്ട്. തൃപ്തക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി എങ്കിലും നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.+