തിരുവനന്തപുരം : വി എസ് എസ് സി പരീക്ഷ തട്ടിപ്പ് കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഹരിയാനയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായത്. ഒരു പ്രതി ഉദ്യോഗാര്‍ത്ഥിയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഉടന്‍ കേരളത്തില്‍ എത്തിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഇതോടെ, കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 9 ആയി.
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ടെക്നീഷ്യന്മാരെ നിമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരത്ത് 10കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. തട്ടിപ്പില്‍ ഉള്‍പ്പെട്ടത് ഭൂരിഭാഗവും ഹരിയാനക്കാരായിരുന്നു. ഷര്‍ട്ടിന്റെ ബട്ടണായി ഘടിപ്പിച്ച ചെറുക്യാമറയില്‍ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ പുറത്തേക്ക് അയച്ചശേഷം ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരം കേട്ടെഴുതിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ടെക്നീഷ്യന്, ഡ്രാഫ്റ്റ്സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നി തസ്തികകളിലേക്ക് നടത്തിയ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.