തിരുവനന്തപുരം : വികസന വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വികസനം ആര്‍ക്കാണ് വേണ്ടതെന്ന് ചോദിക്കുന്നവരുണ്ട്. വികസനം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഇക്കൂട്ടര്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരസഭയുടെ 60 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളുടെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫ്ളാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ബസ്സില്‍ തിരുവനന്തപുരം നഗരത്തിലൂടെ യാത്ര ചെയ്തു.
തിരുവനന്തപുരം നഗരസഭയുടെയും സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കിയത്. ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് പദ്ധതിക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ പതിയെ ഒഴിവാക്കി ഹരിത വാഹനങ്ങള്‍ ഇറക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.
50 ഹരിത വാഹനങ്ങളാണ് കെഎസ്ആര്‍ടിസിയുടേതായി ഇപ്പോള്‍ നിരത്തില്‍ ഓടുന്നത്. 113 വാഹനങ്ങള്‍ കൂടി ഉടന്‍ നിരത്തില്‍ ഇറക്കാനാണ് ലക്ഷ്യം. യാത്രക്കാര്‍ക്ക് തല്‍സമയ വിവരങ്ങള്‍ ലഭിക്കാനായി മാര്‍ഗദര്‍ശി എന്ന ആപ്പും ചടങ്ങില്‍ പുറത്തിറക്കി.