മാനന്തവാടി : വയനാട് കണ്ണോത്ത് മല അപകടത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക സഹായം നല്‍കും.
നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ശശീന്ദ്രന് അറിയിച്ചു. വെള്ളയാഴ്ച വൈകുന്നേരമാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ്തോട്ടം തൊഴിലാളികളായ ഒമ്പത് സ്ത്രീകള്‍ മരിച്ചത്.
അപകടത്തിൽ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാഹനം വളവ് തിരിയുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് 30 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവര്‍ ഉള്‍പ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതില്‍ 13 പേരും സ്ത്രീകളായിരുന്നു.
വാളാട് പ്രദേശത്ത് തേയില നുള്ളാന്‍ പോയ മക്കിമല ആറാം നന്പര് ഭാഗത്തെ തോട്ടം തൊഴിലാളികളായ തങ്കരാജിന്റെ ഭാര്യ റാണി (57), പത്മനാഭന്റെ ഭാര്യ ശാന്ത (55), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (60), കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല (60), പ്രമോദിന്റെ (ബാബു) ഭാര്യ ഷാജ ബാബു (47), പരേതനായ കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (62), വേലായുധന് (മണി)യുടെ ഭാര്യ കാര്‍ത്യായനി (65), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന ബാലന് (55), കാര്‍ത്തികിന്റെ ഭാര്യ ചിത്ര (28) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മരിച്ച മൂന്ന് സ്ത്രീകളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മറ്റ് ആറ് പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. 11ഓടെ എല്ലാവരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാകുമെന്നാണ് വിവരം.
ഉച്ചയ്ക്ക് 12ന് ഒന്‍പത് മൃതദേഹങ്ങളും മക്കിമല സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടിന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.